Saturday, 23 August 2014

അദ്ധ്യാപകരുടെ ശ്രദ്ധക്ക്

പത്താം ശമ്പളക്കമ്മീഷന്‍ പ്രവര്‍ത്തനമാരംഭിച്ചു. അധ്യാപകരും സര്‍ക്കാര്‍ ജീവനക്കാരും അടങ്ങുന്ന വലിയൊരു ജനവിഭാഗത്തെ പ്രത്യക്ഷമായി ബാധിക്കുന്ന കാര്യമാണിത് ഇത്. നമ്മുടെ പ്രതികരണങ്ങള്‍ അറിയാനായി കമ്മീഷന്‍ ചോദ്യാവലി പ്രസിദ്ധീകരിച്ചു. ഇതേക്കുറിച്ച് ഇന്ന് എഴുതുന്നത് ഇടമറ്റം K.T.J.M.H.S ലെ ജോസ് ജോര്‍ജ്ജ് സാര്‍ ആണ്. ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനാവശ്യപ്പെട്ടു കൊണ്ട് അദ്ദേഹം അയച്ചു തന്ന കുറിപ്പ് നോക്കാം. പത്താം ശമ്പളക്കമ്മീഷന്‍ ലോകമെങ്ങും അംഗീകരിച്ച വിവരശേഖരണ മാര്‍ഗമായ ചോദ്യാവലി പ്രസിദ്ധീകരിച്ചു. സംഘടനകളുടെയും മറ്റും ബ്ലോഗുകളില്‍ അത് പ്രസിദ്ധീകരിച്ചിട്ടും അതിന്റെ പ്രാധാന്യം അറിയാത്തതുകൊണ്ടാവാം; ആരും കാര്യമായി അതിനോട് പ്രതികരിച്ചിട്ടില്ലെന്ന് തോന്നുന്നു. അഭിപ്രായ ക്രോഡീകരണത്തില്‍ ചോദ്യാവലിയുടെ പ്രതികരണത്തിന് നിര്‍ണായക സ്ഥാനമുണ്ട്. വെള്ളമൊഴുകി കഴിഞ്ഞിട്ട് ചിറകെട്ടിയിട്ട് കാര്യമില്ലാത്തതുപോലെ കമ്മീഷന്‍ മുമ്പാകെ എത്തുന്ന രേഖകളുടെ അടിസ്ഥാനത്തില്‍ തിരുമാനം എടുത്ത ശേഷം ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. സര്‍ക്കാര്‍ ജീവനക്കാര്‍ പൊതു ഖജനാവു തിന്നു മുടിക്കുന്നു എങ്കില്‍ ഏതേതു മേഖലകളില്‍ എങ്ങനെ അവരുടെ എണ്ണവും വേതനവും കുറയ്ക്കാമെന്ന്/നിയന്ത്രിക്കാമെന്ന് ചൂണ്ടിക്കാണിക്കുവാന്‍ പൊതുജനത്തിന് ഈ അനവസരം പ്രയോജനപ്പെടുത്താം. ആവശ്യത്തിലധികം ജീവനക്കാര്‍ (തസ്തിക) ഉള്ള ഡിപ്പാര്‍ട്ടുമെന്റുകളും ഓഫീസുകളും പുന:ക്രമീകരിക്കുവാന്‍ നിങ്ങളുടെ നിര്‍ദേശങ്ങളുടെ സാധുത പരിശോധിക്കുന്നതിലൂടെ കമ്മീഷന് കഴിയും.

നമുക്ക് വേണ്ടത് സംഘടനാ നേതാക്കള്‍ നേടിത്തരും എന്ന് കരുതി ജീവനക്കാരോ സംഘടിത ശക്തിക്കു മുന്നില്‍ അഭിപ്രായം പറയുവാന്‍ ഞാനില്ല എന്ന് കരുതി വ്യക്തികളോ ഒഴിഞ്ഞു മാറരുത്. എല്ലാ പ്രശ്നങ്ങളും നേതാക്കള്‍ അറിയണമെന്നില്ല. അധ്യാപകസംഘടനകള്‍ ആവശ്യപ്പെടാതിരുന്നിട്ടും ഞാനുള്‍പ്പെടെയുള്ള 50 ല്‍ അധികം പേര്‍ വ്യക്തിപരമായി ആവശ്യപ്പെട്ട 3 അലവന്‍സുകള്‍ വിദ്യാഭ്യാസ വകുപ്പില്‍ അനുവദിച്ചു. എട്ടാം ശമ്പളകമ്മീഷന്‍ ഹൈസ്കൂള്‍അധ്യാപകര്‍ക്കു മൂന്നാമത്തെ ഗ്രേഡ് നിഷേധിച്ചു. എന്നാല്‍ പ്രമോഷന്‍ (UPSA TO HSA) മൂലം മൂന്നാം ഗ്രേഡ് നിഷേധിക്കപ്പെട്ട ഞാനും UPSA ആയി തുടരുന്ന എന്റെ ജൂനിയറും തമ്മിലുള്ള വേതന താരതമ്യരേഖ കണ്ട മാത്രയില്‍ ചെയര്‍മാന്‍ ശുപാര്‍ശ ചെയ്തു. എന്നാല്‍ വേണ്ട രീതിയില്‍ പ്രശ്നം അവതരിപ്പിക്കാതിരുന്നതിനാല്‍ ഹെഡ്മാസ്റ്റര്‍മാരുടെ ചാര്‍ജ് അലവലന്‍സ് ഇന്നും 160 രൂപ മാത്രമാണ്.

വ്യക്തികളും സംഘടനകളും നല്‍കുന്ന നിര്‍ദേശങ്ങള്‍ പ്രോസസ് ചെയ്ത് രണ്ട് കോളത്തിലായി കമ്മീഷന്റെ മുമ്പിലെത്തുന്നു. അഭിപ്രായങ്ങള്‍ പ്രോസസ് ചെയ്യുന്ന, നമ്മുടെ മേഖലയുമായി യാതൊരു ബന്ധവുമില്ലാത്ത ജീവനക്കാരന് മനസിലാക്കുന്ന വിധത്തില്‍ വ്യക്തവും യുക്തിസഹവുമായി കാര്യങ്ങള്‍ അവതരിപ്പിച്ചതുകൊണ്ട് H.S.A യ്ക് മാത്രം ഏഴാം വര്‍ഷത്തില്‍ തന്നെ ആദ്യ സമയബന്ധിത ഗ്രേഡ് ലഭിച്ചു. ഈ സാഹചര്യത്തില്‍ ചോദ്യാവലിയിലെ സാങ്കേതിക പദങ്ങള്‍ കണ്ട് വിരളാതെ ചോദ്യാവലിയുടെ ആമുഖത്തില്‍ പറയുന്ന പരിഗണനാ വിഷയങ്ങള്‍ സംബന്ധിച്ച് നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റായി രേഖപ്പെടുത്തുക. ഇത് ജീവനക്കാരുടെ പൊതുവികാരങ്ങള്‍ മനസിലാക്കാന്‍, കമ്മീഷനുമായി നേരിട്ടു സംവദിക്കാന്‍ അവസരം ലഭിക്കുന്നു സംഘടനാ നേതാക്കളെ സഹായിക്കും അതുവഴി കമ്മീഷനെയും.

No comments:

Post a Comment