Monday, 22 September 2014

LATEST NEWS
  Sep 22, 2014
മംഗള്‍യാന്‍: 'പരീക്ഷണ ജ്വലനം' വിജയം

ബാംഗ്ലൂര്‍: മംഗള്‍യാനെ ചൊവ്വാഗ്രഹത്തിന്റെ ഭ്രമണപഥത്തില്‍ എത്തിക്കുന്നതിന് മുന്നോടിയായി നടത്തിയ നിര്‍ണായകമായ 'പരീക്ഷണ ജ്വലനം' വിജയിച്ചതായി ഐ.എസ്.ആര്‍.ഒ. അറിയിച്ചു. രാജ്യത്തിന്റെ ആദ്യ ഗ്രഹാന്തരദൗത്യമായ മംഗള്‍യാന്‍ ബുധനാഴ്ച രാവിലെയാണ് ചൊവ്വായുടെ ഭ്രമണപഥത്തിലെത്തുക.

'മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍' (എം.ഒ.എം) എന്ന മംഗള്‍യാനിലെ പ്രധാന യന്ത്രമായ 'ലാം' (ലിക്വിഡ് അപോജീ മോട്ടോര്‍) നാല് സെക്കന്‍ഡ് നേരം പരീക്ഷണാര്‍ഥം ജ്വലിപ്പിക്കാനാണ് തീരുമാനിച്ചിരുന്നത്. പത്തുമാസം വിശ്രമത്തിലായിരുന്ന ലാം യന്ത്രത്തെ ഉണര്‍ത്താനുള്ള പരീക്ഷണ ജ്വലനം വളരെ ആകാംക്ഷയോടെയാണ് ഇന്ത്യന്‍ ഗവേഷകര്‍ കണ്ടിരുന്നത്.

ലാം യന്ത്രത്തിന്റെ പരീക്ഷണ ജ്വലനം വിജയിച്ചതായി ഉച്ചയ്ക്ക് 2.50 ന് ഐ.എസ്.ആര്‍.ഒ. ഫെയ്‌സ്ബുക്ക് അപ്‌ഡേറ്റില്‍ അറിയിച്ചു. ഇതോടെ, ബുധനാഴ്ചത്തെ നിര്‍ണായക ദൗത്യം വിജയത്തിലെത്തുമെന്ന് ശുഭപ്രതീക്ഷ വര്‍ധിച്ചു.

വിക്ഷേപിച്ചതു മുതല്‍, 'മംഗള്‍യാന്‍' ഭൂമിയെ ചുറ്റിയ താത്കാലികപഥം പടിപടിയായി വികസിപ്പിച്ചത് ഈ യന്ത്രം പ്രവര്‍ത്തിപ്പിച്ചാണ്. ഭൂമിയുടെ സ്വാധീനം വിട്ടുപോകാനായി ഡിസംബര്‍ ഒന്നിനാണ് ഒടുവില്‍ പ്രവര്‍ത്തിപ്പിച്ചത്.

പത്തുമാസമായി യന്ത്രം വിശ്രമത്തിലാണ്. മറ്റൊരു ബഹിരാകാശദൗത്യത്തിലും ഇത്ര നീണ്ട ഇടവേളയുണ്ടായിട്ടില്ല. നീണ്ടവിശ്രമത്തിനുശേഷം 'ലാം' പ്രവര്‍ത്തിക്കുമോയെന്ന് അറിയാനാണ് ഇന്ത്യന്‍ ബഹിരാകാശഗവേഷണ സംഘടന (ഐ.എസ്.ആര്‍.ഒ.) യിലെ ശാസ്ത്രജ്ഞര്‍ യന്ത്രത്തെ ഉണര്‍ത്തി നോക്കിയത്.

No comments:

Post a Comment