Thursday 25 September 2014

LATEST NEWS
  Sep 25, 2014
മംഗള്‍യാനില്‍നിന്ന് ചൊവ്വയുടെ ആദ്യദൃശ്യമെത്തി

കോഴിക്കോട്: ഇന്ത്യയുടെ ചൊവ്വാദൗത്യമായ 'മംഗള്‍യാന്‍' പകര്‍ത്തിയ ആദ്യ ദൃശ്യം ഐ.എസ്.ആര്‍.ഒ. പുറത്തുവിട്ടു. 7300 കിലോമീറ്റര്‍ ഉയരെ നിന്നുള്ള ചൊവ്വാപ്രതലത്തിന്റെ ചിത്രമാണത്.

'മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍' (മോം) എന്ന മംഗള്‍യാന്‍ പത്തുമാസത്തെ കാത്തിരിപ്പിനൊടുവില്‍ ബുധനാഴ്ച രാവിലെയാണ് ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയത.

ബുധനാഴ്ച വൈകുന്നേരത്തോടെ ചൊവ്വയില്‍നിന്നുള്ള ദൃശ്യങ്ങള്‍ ഭൂമിയിലെത്തുമെന്നായിരുന്നു റിപ്പോര്‍ട്ട്. അഞ്ച് ചിത്രങ്ങള്‍ മംഗള്‍യാന്‍ അയച്ചതായും അഭ്യൂഹങ്ങള്‍ പരന്നു. എന്നാല്‍, വ്യാഴാഴ്ച പകല്‍ 11.20 ഓടെയാണ് മംഗള്‍യാനില്‍നിന്നുള്ള ആദ്യചിത്രം ഐ.എസ്.ആര്‍.ഒ. അവരുടെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റു ചെയ്തത്.

വളരെ അകലെ നിന്നുള്ളതാകയാല്‍ അത്ര വ്യക്തതയുള്ള ചിത്രമല്ല പുറത്തുവന്നിരിക്കുന്നത്.

സ്വന്തം പേടകത്തെ വിദൂരഗ്രഹത്തിന്റെ ഭ്രമണപഥത്തിലെത്തിക്കുന്നതില്‍ വിജയിച്ചതിലൂടെ ഇന്ത്യ വന്‍കുതിപ്പാണ് നടത്തിയത്. അവിടെനിന്ന് ചിത്രം ഭൂമിയിലെത്തി തുടങ്ങിയതോടെ മംഗള്‍യാന്‍ ദൗത്യം അടുത്ത ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.

ഇതുവരെ ഒരു രാജ്യത്തിനും തങ്ങളുടെ ആദ്യദൗത്യം വിജയകരമായി ചൊവ്വയിലെത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ ഇന്ത്യയാണ് പ്രഥമദൗത്യം ചൊവ്വയില്‍ എത്തിച്ച ഏക രാഷ്ട്രം. മാത്രമല്ല, ചൊവ്വയിലെത്തിയ ആദ്യ ഏഷ്യന്‍ രാജ്യവും ഇന്ത്യയാണ്.

റഷ്യ, അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍ എന്നിവ കഴിഞ്ഞാല്‍, ചൊവ്വയില്‍ സ്വന്തം പേടകമെത്തിച്ച നാലാമത്തെ ശക്തിയായി മംഗള്‍യാനിലൂടെ ഇന്ത്യ മാറി.

2013 നവംബര്‍ 5 നാണ് ശ്രീഹരിക്കോട്ടയില്‍നിന്ന് പി.എസ്.എല്‍.വി-സി25 റോക്കറ്റില്‍ മംഗള്‍യാന്‍ വിക്ഷേപിച്ചത്. ഡിസംബര്‍ ഒന്നിന് പേടകം ഭൂമിയുടെ ഭ്രമണപഥത്തില്‍നിന്ന് സൗരഭ്രമണപഥത്തിലെത്തി. 65 കോടി കിലോമീറ്റര്‍ സഞ്ചരിച്ചാണ് പേടകം ചൊവ്വയില്‍ വിജയകരമായി എത്തിയത്.

No comments:

Post a Comment